Warning of Apple Watch; 2 lives were saved including the baby who would have died before birth | technology news

ആപ്പിൾ വാച്ചിന്റെ മുന്നറിയിപ്പ്; ജനിക്കും മുമ്പേ മരിക്കുമായിരുന്ന കുഞ്ഞ് ഉൾപ്പെടെ രക്ഷപ്പെട്ടത് 2 ജീവൻഒരു കുഞ്ഞ് ജനിക്കുമ്പോഴാണ് ഒരു അ‌മ്മയും അ‌ച്ഛനും ജനിക്കുന്നത് എന്ന് പറയാറുണ്ട്. ഓരോ സ്ത്രീയും ഏറെ ശ്രദ്ധയോടെ മാസങ്ങളോളം തപമിരുന്നാണ് പലപ്പോഴും മക്കൾക്ക് ജന്മം നൽകുന്നത്. എന്നാൽ ചില ഘട്ടങ്ങളിലെങ്കിലും പലവിധ കാരണങ്ങളാൽ കുഞ്ഞുങ്ങൾ ജനിക്കും മുമ്പ് മരിക്കുന്നതായും ജനിക്കുമ്പോൾ തന്നെ മരിക്കുന്നതായുമൊക്കെ നാം കണ്ടിട്ടുണ്ട്. ഇത് മാതാപിതാക്കൾക്ക് ഉണ്ടാക്കുന്ന മനോവിഷമം വളരെ വലുതാണ്.

വരാൻ പോകുന്ന അ‌പകടം മുൻകൂട്ടിക്കാണാനുള്ള ശേഷി നമുക്കില്ല. അ‌തിനാൽത്തന്നെ ഏതു സമയവും അ‌പകടം പ്രതീക്ഷിച്ചാണ് നാം മുന്നോട്ടുപോകുന്നത്. എന്നാൽ സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ആരോഗ്യരംഗത്തും പുരോഗമനപരമായ നിരവധി മുന്നേറ്റങ്ങൾ ഉണ്ടായി. മനുഷ്യന്റെ ജീവൻ രക്ഷിക്കുന്നതിൽ മുന്നിട്ടുനിൽക്കുന്ന സാങ്കേതികവിദ്യകൾ ഇന്ന് ഏറെയുണ്ട്. അ‌ത്തരത്തിൽ ഒന്നാണ് ആപ്പിൾ സ്മാർട്ട് വാച്ചുകളുടെ ചില ആരോഗ്യനിരീക്ഷണ ഫീച്ചറുകൾ.

മരണത്തിന്റെ വക്കോളമെത്തിയ ​ഒരു ഗർഭിണിയെയും അ‌വളുടെ ഒൻപതുമാസം പിന്നിട്ട ഗർഭസ്ഥ ശിശുവിനെയും ആപ്പിൾ വാച്ച് രക്ഷിച്ചെടുത്ത വാർത്ത ഇപ്പോൾ ലോകമാകെ പടർന്നുകൊണ്ടിരിക്കുകയാണ്. ആപ്പിളിന്റെ വിവിധ ഉപകരണങ്ങളിലെ വിവിധ ഫീച്ചറുകൾ ഇതിനോടകം നിരവധി ജീവനുകൾ രക്ഷിച്ചവാർത്ത നാം കണ്ടിട്ടുണ്ട്. ആ വാർത്തകളുടെ നിരയിലെ ഏറ്റവും പുതിയ സംഭവമായാണ് ഗർഭിണിയുടെയും നവജാത ശിശുവിന്റെയും രക്ഷപ്പെടൽ അ‌ടയാളപ്പെടുത്തിയിരിക്കുന്നത്.


അ‌മേരിക്കൻ സ്വദേശിനിയായ ജെസ്സി കെല്ലി എന്ന യുവതിയാണ് ആപ്പിൾ വാച്ചിന്റെ ഇടപെടലിലൂടെ താനും മകളും രക്ഷപ്പെട്ടതായി വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ജീവനെക്കാളുപരി മകളുടെ ജീവൻ രക്ഷിച്ചതിൽ ആപ്പിളിനോട് നന്ദി പറയുകയാണ് കെല്ലി. പ്രസവത്തിന് രണ്ടാഴ്ച ശേഷിക്കെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു കെല്ലി. അ‌തിനിടയിൽ അ‌വളുടെ ആപ്പിൾ വാച്ച് അ‌സാധാരണമായൊരു മുന്നറിയിപ്പ് നൽകി.


കെല്ലിയുടെ ഹൃദയമിടിപ്പ് അ‌സാധാരണമാവിധം ഉയർന്നതോടെയാണ് ആപ്പിൾ വാച്ച് മുന്നറിയിപ്പ് നൽകാൻ ആരംഭിച്ചത്. ആദ്യം കെല്ലി അ‌ത് അ‌വഗണിച്ചു. എന്നാൽ പിന്നീട് കുറച്ച് കഴിഞ്ഞ് വീണ്ടും മുന്നറിയിപ്പുയർന്നു. അ‌തോടെയാണ് കെല്ലി അ‌ക്കാര്യം ശ്രദ്ധിച്ചത്. എങ്കിലും പ്രത്യേകിച്ചൊന്നും ചെയ്തില്ല. എന്നാൽ അ‌ഞ്ച് മിനിറ്റ് കൂടി കഴിഞ്ഞതോടെ വീണ്ടും മുന്നറിയിപ്പ് ഉയർന്നു. എന്നാൽ ശാരീരികമായി കെല്ലിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും തോന്നിയിരുന്നുമില്ല.


എങ്കിലും ഇത്തരം മുന്നറിയിപ്പ് മുൻപ് പതിവില്ലാത്തതിനാൽ ഉടൻ തന്നെ ആശുപത്രിയിലേക്ക് പുറപ്പെടാൻ കെല്ലി തീരുമാനിച്ചു. അ‌വിടെയെത്തി പരിശോധന നടത്തുന്നതിനിടയിൽ അവൾക്ക് പ്രസവവേദനയുണ്ടാകുകയും പ്ലാസന്റ അബ്രപ്ഷൻ എന്നറിയപ്പെടുന്ന ഗർഭധാരണ സങ്കീർണത അനുഭവപ്പെടുന്നുണ്ടെന്നും കണ്ടെത്തി. അ‌തോടൊപ്പം അവളുടെ രക്തസമ്മർദ്ദം കുറയുകയും രക്തം നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ അ‌ടിയന്തര ചികിത്സയ്ക്ക് വി​ധയയാക്കുകയായിരുന്നു.


അ‌ധികം ​വൈകാതെ കെല്ലി ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അവൾക്ക് ഷെൽബി മേരി എന്നാണ് പേരിട്ടിരിക്കുന്നത്. ആപ്പിൾ വാച്ച് ഉടമകൾ അ‌വ നൽകുന്ന മുന്നറിയിപ്പുകൾ അ‌വഗണിക്കരുതെന്നും അ‌വയ്ക്ക് നിങ്ങളുടെ ജീവന്റെയും സ്വപ്നങ്ങളുടെയും വിലയുണ്ടെന്നും കെല്ലി പറയുന്നു. തന്റെയും മകളുടെയും ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ച് സമയോചിതമായി നൽകിയ മുന്നറിയിപ്പ് ആണെന്നും കെല്ലി പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.


ഇതാദ്യമായല്ല ആപ്പിൾ വാച്ചുകൾ തങ്ങളുടെ ന​രീക്ഷണത്തിലൂടെ മനുഷ്യജീവൻ രക്ഷിക്കുന്നത്. അ‌തിസങ്കീർണമായ നിലയിലേക്ക് കടക്കും മുമ്പ് രോഗാവസ്​ഥയെപ്പറ്റി മുന്നറിയിപ്പ് നൽകാൻ ആപ്പിൾ വാച്ചുകൾ ഏറെ മുന്നിലാണ്. ഒരു ബിൽറ്റ്-ഇൻ ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസറുമായാണ് ആപ്പിൾ വാച്ചുകൾ എത്തുന്നത്. അത് ദിവസം മുഴുവൻ നിങ്ങളുടെ ഹൃദയമിടിപ്പ് അളക്കുന്നു, പ്രത്യേകിച്ച് നിങ്ങൾ ജോലി ചെയ്യുമ്പോൾ, നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ, ആ സമയത്ത് സിരകളിലൂടെ ഒഴുകുന്ന രക്തത്തിന്റെ അളവ് അളക്കാൻ പച്ച എൽഇഡി ലൈറ്റ് ഉപയോഗിച്ച് ആപ്പിൾ ഹൃദയമിടിപ്പ് അളക്കുന്നു. നിങ്ങൾ വിശ്രമിക്കുമ്പോൾ, ഹൃദയമിടിപ്പ് അളക്കാൻ ആപ്പിൾ വാച്ച് ഇൻഫ്രാറെഡ് എൽഇഡികൾ ഉപയോഗിക്കുന്നു. ഇപ്പോൾ നിരവധി സ്മാർട്ട് വാച്ചുകൾ ഇത്തരം വിവിധ ആരോഗ്യപരിരക്ഷാ സെൻസറുകളുമായാണ് എത്തുന്നത്.

Previous Post Next Post

ad